ന്യൂഡൽഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സേവനത്തിലേക്ക് മടങ്ങണമെന്ന് സുപ്രീം കോടതി. ചൊവ്വാഴ്ച അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങിയില്ലെങ്കിൽ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും കോടതി ഓർമിപ്പിച്ചു.
ഓഗസ്റ്റ് 9 ന് ഡ്യൂട്ടിയിലായിരുന്ന 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാളിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ആയിരക്കണക്കിന് ഡോക്ടർമാർ പ്രതിഷേധം തുടരുകയാണ്. കേസിൽ പ്രതിയായ സഞ്ജയ് റോയ് അറസ്റ്റിലായി.
സമരം ചെയ്യുന്ന ഡോക്ടർമാർ ജോലി പുനരാരംഭിച്ചില്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിൽ നിന്ന് പശ്ചിമ ബംഗാൾ സർക്കാരിനെ തടയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം ജോലിയിൽ പ്രവേശിക്കാൻ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഫോട്ടോകൾ ഉടൻ നീക്കം ചെയ്യാൻ കോടതി നിർദേശിച്ചു. സെപ്തംബർ 17 ന് കേസിൽ കൂടുതൽ വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.