വനിതാ ഡോക്ടര്‍മാര്‍ രാത്രി ഷിഫ്റ്റില്‍ വേണ്ടെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍; അവര്‍ക്ക് സുരക്ഷയാണ് വേണ്ടത്, ഇളവല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് സര്‍ക്കാര്‍ ആശുപത്രികളോട് നിര്‍ദ്ദേശിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. ജോലിയില്‍ ഇളവല്ല, അവര്‍ക്ക് സുരക്ഷയാണ് വേണ്ടതെന്ന് രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി.

ആഗസ്റ്റ് 9ന് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം എത്തിയത്.

സ്വമേധയാ എടുത്ത കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ബംഗാള്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ കപില്‍ സിബലിനോട്, എന്തുകൊണ്ടാണ് വനിതാ ഡോക്ടര്‍മാരെ രാത്രി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുന്നതെന്ന ചോദ്യം ഉന്നയിച്ചു. സ്ത്രീകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? എന്തിനാണ് വനിതാ ഡോക്ടര്‍മാരെ പരിമിതപ്പെടുത്തുന്നത്? അവര്‍ക്ക് ഒരു ഇളവ് ആവശ്യമില്ല… സ്ത്രീകള്‍ ഒരേ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ തയ്യാറാണ്, കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് പ്രശ്‌നത്തിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ അദ്ദേഹം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

More Stories from this section

family-dental
witywide