കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നു എന്നു കാണിച്ച് കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള നയപരമായ വിഷയമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ല. മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്നതാണ്. അതിനാല്‍ ചര്‍ച്ചയിലൂടെ വിഷയം പരിഹരിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. സംസ്ഥാന ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രധനമന്ത്രിയും ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൂടേയെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ കോടതി ഇടപെടല്‍ അവസാനം മതിയെന്നും ബെഞ്ച് നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അടിയന്തരമായി വിഷയം തീര്‍പ്പാക്കണമെന്നും കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.
ഫണ്ട് അനുവദിച്ചില്ലെങ്കില്‍ പിഎഫ് അടക്കമുള്ളവ അനുവദിക്കുന്നതില്‍ പ്രശ്‌നമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുകയാണെന്നും ഈ വിഷയം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുണ്ടന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
ഇതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങളാണ്. എന്നിരുന്നാലും കോടതി തന്നെയായിരിക്കും വിഷയത്തിലെ അവസാന തീരുമാനം എടുക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.