സിദ്ദിഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ; ക്രൈം ബ്രാഞ്ച് എസ്പി മെറിന്‍ ജോസഫ് നാളെ ഡല്‍ഹിയില്‍, സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷക

ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. തിങ്കളാഴ്ച ഈ ബെഞ്ച് പരിഗണിക്കുന്ന 62-ാമത്തെ കേസ് ആയി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നടന്റെ അഭിഭാഷക രഞ്ജീത റോത്തഗി സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസ് പരിഗണിക്കേണ്ട ബെഞ്ച് നിശ്ചയിച്ച് ഉത്തരവിറക്കിയത്. തുടര്‍ന്ന് സുപ്രീം കോടതി രജിസ്ട്രി മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്ത സപ്ലിമെന്ററി ലിസ്റ്റ് പുറത്തിറക്കിയത്.

സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി. മെറിന്‍ ജോസഫ് നാളെ ഡല്‍ഹിയില്‍ എത്തും. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിന്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷക സംഘം ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു.

മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയില്‍ ഹാജരാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, രഞ്ജിത് കുമാറിന് പുറമെ മുതിര്‍ന്ന വനിത അഭിഭാഷകരില്‍ ആരെയെങ്കിലും കൂടി സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ആലോചിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ വി.ഭട്ടി ഉള്‍പ്പടെയുള്ള ചില സീനിയര്‍ വനിത അഭിഭാഷകരെയാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നത്.

More Stories from this section

family-dental
witywide