ഡൽഹി: സുപ്രീംകോടതിയുടെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചാനൽ നിറയെ ഇപ്പോള്‍ എക്‌സ്ആര്‍പി എന്ന ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് കാണിക്കുന്നത്.
സുപ്രധാന കേസുകളില്‍ പലതിന്റെയും വീഡിയോകള്‍ ഈ ചാനലില്‍ പങ്കുവച്ചിരുന്നു.എന്നാല്‍ ചാനലിലെ കോടതി വീഡിയോകളെല്ലാം നിലവില്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ കാണുന്നത്.
ജുഡീഷ്യറിയുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ഇന്ന് രാവിലെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും കോടതിയുടെ ഐടി സെല്‍ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് നിലവില്‍ വിഷയം പരിശോധിക്കുന്നത്.