ന്യൂഡല്‍ഹി: ഇന്നലെ രാത്രിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ളത് രണ്ട് മന്ത്രിമാരാണ്. തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും സഹമന്ത്രിമാരായി അധികാരമേറ്റു. എങ്കിലും ഇരുവരുടേയും വകുപ്പുകള്‍ ഏതെന്ന് വ്യക്തമല്ല. മന്ത്രിയെന്ന നിലയില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന ഇരുവരുടേയും ആദ്യ പ്രതികരണവും എത്തി.
മന്ത്രി എന്ന നിലയില്‍ ആദ്യം ചെയ്യാന്‍ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. മാത്രമല്ല, ഇനി എന്താണ് ജോലിയെന്ന് അറിയണമെന്നും വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്നെയൊന്ന് സ്വതന്ത്രമായി പറക്കാന്‍ വിടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസേമയം, സ്ഥാനങ്ങള്‍ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രമായേ കാണുന്നുള്ളൂവെന്നും രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിന്റെ വികസനത്തിന് ശ്രമിക്കുമെന്നും നിയുക്ത കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും പ്രതികരിച്ചു. എല്ലാ സമുദായത്തിന്റെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാള്‍ അധ്വാനിച്ചതിന്റെ അംഗീകാരമെന്നാണ് ഭാര്യ അന്നമ്മയുടെ പ്രതികരണം. മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തില്‍ വലിയ നേട്ടമായി കരുതാന്‍ സാധിക്കില്ലെന്നും അന്നമ്മ പറഞ്ഞു.