
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയിച്ച സുരേഷ് ഗോപിയും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തൃശൂരിൽ ബി ജെ പിക്ക് സ്വപ്ന ജയം സമ്മാനിച്ച സുരേഷ് ഗോപി, പ്രധാനമന്ത്രിയുടെ നേരിട്ടുള്ള താത്പര്യപ്രകാരമാണ് കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിൽ ആണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇംഗ്ലീഷിലായിരുന്നു ജോർജ്ജിന്‍റെയും സത്യപ്രതിജ്ഞ.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിലാണ് സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തിയത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് സുരേഷ് ഗോപി ദില്ലിയിലെത്തിയത്. തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. പക്ഷെ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് താരം സ്വീകരിച്ചു. ഒടുവിൽ ദില്ലിയിൽ നിന്നും മോദിയുടെ വിളിയെത്തിയതോടെ ഭാര്യ രാധികക്കൊപ്പം ദില്ലിയിലെത്തുകയായിരുന്നു.
നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യൻ ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് മോദി മന്ത്രിസഭയിലേക്ക് എത്തിയത്. ബി ജെ പി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നേരത്തെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിട്ടുണ്ട്. യുവമോർച്ച മുതൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച കുര്യൻ ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.