‘കെ റെയിൽ വരുംകേട്ടോ’ എന്ന് പറയുംപോലെയല്ല, ഏകീകൃത സിവിൽ കോഡ് വന്നിരിക്കും: സുരേഷ് ഗോപി

കണ്ണൂർ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

‘‘മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ… അതു സംഭവിച്ചിരിക്കും. ‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരെങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ,’’ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി പറഞ്ഞു. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോ​ഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

More Stories from this section

family-dental
witywide