തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് നടനും ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. അണക്കെട്ട് പൊട്ടിയാൽ കോടതികൾ ഉത്തരം പറയുമോ എന്നും സുരേഷ് ഗോപി ചോദിച്ചു.
‘‘ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതികൾ ഉത്തരം പറയുമോ? കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കൈപറ്റി ആ തിരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല.’’ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും മറ്റു അധികൃതരും നല്‍കുന്ന മുന്നറിയിപ്പുകള്‍ മാത്രം കണക്കിലെടുക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലൈക്കും ഷെയറുമാണ് ലക്ഷ്യം. പലരും 2018ലെ സോഷ്യൽ മീഡിയ പോസ്റ്ററുകള്‍ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുകയാണെന്നും വ്യാജപ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.