കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി താമര വിരിയിച്ച് സുരേഷ് ഗോപി ‘തൃശൂർ എടുത്ത’ വിജയം സി പി എമ്മുമായുള്ള നീക്കുപോക്കിന്റെ ഭാഗമാണെന്നാരോപിച്ച് ദല്ലാള്‍ നന്ദകുമാർ രംഗത്ത്. ജാവദേക്കർ കേരളത്തിലെത്തി ഇപി ജയരാജനുമായി നടത്തിയ ചർച്ചയിലെ പാക്കേജിന്റെ ഭാഗമായാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതെന്നാണ് നന്ദകുമാർ പറയുന്നത്.മൂന്നാം തവണയും എൻ ഡിഎ അധികാരത്തിൽ വന്നാൽ ലാവ്‌ലിൻ കേസ് ഇല്ലാതാകും, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളുടെ ബലം കുറയും, കൂടാതെ 2026 ൽ മൂന്നാം തവണയും എൽഡിഎഫ് സർക്കാർ ഉണ്ടാക്കാൻ സാഹചര്യം ഒരുക്കമെന്നതായിരുന്നു ജാവദേക്കറും ഇ പിയും തമ്മിൽ ചർച്ച ചെയ്ത പാക്കേജ് എന്നും നന്ദകുമാർ അഭിപ്രായപ്പെട്ടു.
വിജയം ലൂർദ് പള്ളിക്ക് സമർപ്പിക്കുന്ന സുരേഷ് ഗോപി, തന്‍റെ വിജയത്തിന് സഹായിച്ച സഖാക്കൾക്ക് ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങി നൽകണമെന്നും നന്ദകുമാർ പരിഹസിച്ചു. തിരുവനന്തപുരത്ത് ആ നീക്കു പോക്ക് ഉണ്ടായിരുന്നില്ലെന്നും കേരളത്തില്‍ പാക്കേജ് അനുസരിച്ച് നീക്കുപോക്ക് നടന്ന ഒരേ ഒരു മണ്ഡലം തൃശൂര്‍ ആണെനിനും നന്ദകുമാർ വിവരിച്ചു. സുരേഷ് ഗോപിയെ എൽ ഡി എഫ് പ്രവർത്തകർ എങ്ങനെയാണ് സഹായിച്ചതെന്നും എന്ത് നീക്കുപോക്കാണ് നടന്നതെന്നുമുള്ളതിന്റെ തെളിവുകൾ വിഡിയോ സഹിതം പുറത്തുവിടുമെന്നും നന്ദകുമാർ വ്യക്തമാക്കിയിട്ടുണ്ട്.