ട്രംപിനെതിരായ വധശ്രമം: പ്രതിയെ കോടതിയിൽ ഹാജരാക്കി, റയാൻ റൂത്തിനെതിരെ കുറ്റം ചുമത്തി; തോക്ക് ദുരുപയോഗത്തിനടക്കം കേസ്

വാഷിങ്ടണ്‍: അമേരിക്കൻ മുന്‍ പ്രസിഡന്റും ഇത്തവണത്തെ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനുനേരെ വധശ്രമം നടത്തിയ റയാൻ റൂത്തിനെതിരെ കുറ്റം ചുമത്തി. ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെ പിടിയിലായ ഇയാൾക്കെതിരെ തോക്ക് ദുരുപയോഗമടക്കമുള്ള കുറ്റങ്ങളാണ് ഫെഡറൽ കോടതി ചുമത്തിയിരിക്കുന്നത്. 58 കാരനായ റയാൻ വെസ്‌ലി റൗത്തിനെ വെസ്റ്റ് പാം ബീച്ചിലെ ഫെഡറൽ കോടതിയിൽ യു എസ് മജിസ്‌ട്രേറ്റ് ജഡ്ജി റയോൺ മക്‌കേബിന് മുമ്പാകെയാണ് ഹാജരാക്കി കുറ്റം ചുമത്തിയത്.

നിയമപ്രകാരമല്ലാതെ തോക്ക് കൈവശം വച്ചതിനും ഇല്ലാതായ സീരിയൽ നമ്പറുള്ള തോക്ക് കൈവശം വച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വിചാരണ തീരും വരെ റൗത്തിനെ കസ്റ്റഡിയിൽ വയ്ക്കാൻ അനുവദിക്കണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച വരെ കോടതി കസ്റ്റഡി അനുവദിച്ചിട്ടുണ്ട്.

ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് വധശ്രമം നടന്നത്. ക്ലബിനു സമീപം വെടിവെപ്പുണ്ടാവുകയായിരുന്നു. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചക്ക് രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. പ്രതിയായ റയാൻ റൂത്തിനെ പിന്നാലെ എഫ് ബി ആ പിടികൂടിയിരുന്നു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നു പ്രതി നടത്തിയതെന്നാണ് എഫ് ബി ഐ വ്യക്തമാക്കിയത്. ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് ക്ലബ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിയുതിര്‍ത്തതോടെ കാറില്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. എകെ 47 തോക്ക്, രണ്ടു ബാക്ക്പാക്കുകൾ, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തുനിന്നു കണ്ടെടുക്കുകയും ചെയ്തു.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നോർത്ത് കരോലിനയിൽ നിന്നുള്ള കെട്ടിടനിർമാണ തൊഴിലാളിയാണ് റൂത്ത്. അക്രമിക്ക് സൈനിക പശ്ചാത്തലമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും യുദ്ധങ്ങളിൽ പങ്കെടുക്കാനുള്ള താത്പര്യം റൂത്ത് നേരത്തെയും പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സമയത്ത് യുക്രെയ്ന് വേണ്ടി പോരാടാനുള്ള താത്പര്യം റൂത്ത് പ്രകടിപ്പിച്ചിരുന്നു. യുക്രെയ്ന് വേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ പോലും തയ്യാറാണെന്ന് കാണിച്ച് റൂത്ത് എക്സ് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ഇതിന് പുറമെ 2002ൽ ആയുധവുമായി കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ സംഭവത്തിലും റൂത്ത് പ്രതിയാണ്.ചൈനയെ സഹായിക്കണം എന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ വാട്‍സ് ആപ്പ് ബയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേവലം ഓൺലൈനിലൂടെയുള്ള ആഹ്വാനങ്ങളിൽ ഉപരി നേരിട്ട് പല പ്രവർത്തനങ്ങളിലും റയാൻ റൂത്ത് പങ്കാളികയായിട്ടുണ്ടെന്നാണ് വിവരം. 2023ൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കാനും അഫ്‌ഗാൻ സൈനികരെ റിക്രൂട്ട് ചെയ്യാനുമായി യുക്രൈനിലേക്ക് താൻ യാത്ര ചെയ്‌തതായി റയാൻ റൂത്ത് അവകാശപ്പെട്ടിരുന്നു.

2002-ൽ ഗ്രീൻസ്‌ബോറോയിൽ ആയുധവുമായി കെട്ടിടത്തിനുള്ളിൽ ബാരിക്കേഡ് തകർത്ത് കയറിയ കേസിലും മുൻപ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു എന്നാണ് വിവരം. കടുത്ത വകുപ്പുകൾ ഒക്കെയാണ് ചുമത്തിയതെങ്കിലും ഈ കേസിൽ പിന്നീട് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചിട്ടുണ്ടോ എന്നതുൾപ്പടെ വ്യക്തമല്ലെന്നാണ് വിവരം.