മലപ്പുറം: എം പോക്സ് (മങ്കി പോക്സ്) രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായിൽനിന്ന് ഒരാഴ്ച മുൻപ് നാട്ടിൽ എത്തിയ എടവണ്ണ സ്വദേശിയായ യുവാവാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു.
ത്വക്ക് ഡോക്ടറെ കാണാനാണ് യുവാവ് കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ എത്തിയത്. യുവാവിന് പനിയും ചിക്കൻപോക്സിന് സമാനമായ രീതിയിൽ കയ്യിലൊരു തടിപ്പും ഉണ്ടായിരുന്നു. ഡോക്ടർമാർക്ക് എംപോക്സ് ലക്ഷണങ്ങളാണെന്ന് സംശയം തോന്നിയതോടെ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലേക്ക് അയക്കുകയായിരുന്നു. ഇയാളുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കേരളത്തിലും ആദ്യമായി ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്. മലപ്പുറം ജില്ലയിൽ നിപ ഭീതി ഉയരുന്നതിനിടെയാണ് എംപോക്സും ഭീതി ഉയർത്തിയിരിക്കുന്നത്. മലപ്പുറം നടുവത്ത് നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.