ബെല്‍റ്റുകൊണ്ട് ശ്വാസംമുട്ടിച്ചു, നടുറോട്ടില്‍ പീഡനത്തിനിരയാക്കി; ബ്രോങ്ക്സ് ബലാത്സംഗ കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

കഴിഞ്ഞയാഴ്ച ബ്രോങ്ക്‌സ് സട്രീറ്റിൽ രണ്ട് കാറുകൾക്കിടയിൽ വെച്ച് ഒരു സ്ത്രീയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കേസിലെ പ്രതിക്കായുള്ള തിരച്ചിലിൽ ആയിരുന്നു പൊലീസ്. ഇപ്പോഴിതാ പ്രതിയെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നത്. കഷാൻ പാർക്ക്സ് എന്ന 39കാരനാണ് ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. NYPD ചീഫ് ഓഫ് ഡിറ്റക്റ്റീവ് ജോസഫ് കെന്നി പറയുന്നതനുസരിച്ച്, 39 കാരനായ പ്രതി മറ്റ് പല കേസുകളിലുമായി മുമ്പ് 5 തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇയാളെ നാട്ടുകാർ പിടികൂടിയതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അതിൻ്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു.

ക്രൂരകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മെയ് 1 ന് 152-ാം സ്ട്രീറ്റിനും തേർഡ് അവന്യൂവിനും സമീപമാണ് സംഭവം നടന്നത്. 45-കാരിയായ സ്ത്രീയാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. പുലർച്ചെ മൂന്ന് മണിയോടെയാണ് അതിക്രമം. വെളുത്ത തുണി കൊണ്ട് മുഖം മറിച്ചാണ് അക്രമി എത്തിയത്. സ്ത്രീ മുന്നോട്ട് നടന്നു നീങ്ങവേ ബെൽറ്റ് കഴുത്തിലിട്ട് പുറകിലേക്ക് വലിച്ചു. തുടർന്ന് അവരെ വലിച്ചിഴച്ച് കാറിന് പുറകിലെത്തിച്ച് പീഡിനത്തിനിര​യാക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അക്രമി കടന്നു കളഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ന്യൂയോർക്ക് പൊലീസ് അറിയിച്ചു. പരസ്പരം അറിയാവുന്നവരാണ് ഇരുവരുമെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.