ന്യൂഡൽഹി: പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് തനിക്കെതിരെ സ്വഭാവഹത്യ പ്രചാരണം നടത്തിയതിന് ശേഷം താൻ ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടുന്നുണ്ടെന്ന് എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ. യൂട്യൂബർ ധ്രുവ് റാഠി തനിക്കെതിരെ ഒരു ഏകപക്ഷീയമായ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികൾ വഷളായതെന്ന് അവർ പറഞ്ഞു.
താൻ സമർപ്പിച്ചിട്ടുള്ള പരാതി പിൻവലിപ്പിക്കാനുള്ള നീക്കമാണ് പാർട്ടി നേതൃത്വം നടത്തുന്നതെന്ന് വ്യക്തമാണെന്നും സ്വാതി മലിവാൾ പറഞ്ഞു. ധ്രുവ് റാഠിയുടെയടുത്ത് തന്റെ ഭാഗം പറയാൻ ശ്രമിച്ചിരുന്നു. എന്നാൽ, തന്റെ ഫോൺ കോളുകളും സന്ദേശങ്ങളും അദ്ദേഹം അവഗണിക്കുകയായിരുന്നുവെന്നും സ്വാതി കൂട്ടിച്ചേർത്തു.
സ്വതന്ത്ര മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്ന ധ്രുവ് റാഠിയെ പോലുള്ളവർ മറ്റ് ആം ആദ്മി പാർട്ടി വക്താക്കളെപ്പോലെ പ്രവർത്തിക്കുന്നത് ലജ്ജാകരമാണ്. അധിക്ഷേപങ്ങളും ഭീഷണിയുമുണ്ടാകുന്ന തരത്തിൽ ഇരയായ തന്നെ അപമാനിച്ചുവെന്നും സ്വാതി എക്സിൽ കുറിച്ചു.
രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ധ്രുവ് പരാമർശിക്കാതെ വിട്ടു കളഞ്ഞ ചില വശങ്ങളും സ്വാതി ചൂണ്ടിക്കാട്ടി. അക്രമം നടന്നുവെന്ന് പാര്‍ട്ടി ആദ്യം അംഗീകരിച്ചെങ്കിലും പിന്നീട് അവര്‍ നിലപാട് മാറ്റുകയായിരുന്നു. അക്രമം മൂലമുള്ള മുറിവുകൾ വെളിപ്പെടുത്തുന്ന എം.എൽ.സി റിപ്പോർട്ടിനെക്കുറിച്ചും വീഡിയോയിൽ പറഞ്ഞിട്ടില്ല. വീഡിയോയുടെ തിരഞ്ഞെടുത്ത ഭാഗം മാത്രം പുറത്തുവിട്ടതിന് ശേഷം മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. പ്രതിയെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്‌തെങ്കിലും വീണ്ടും അതേ സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചു. ഇത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നോ. വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് സ്വീകരിച്ച മണിപ്പൂരടക്കം ഒറ്റയ്ക്ക് സഞ്ചരിച്ച സ്ത്രീയെ എങ്ങിനെയാണ് ബിജെപിക്ക് വിലയ്ക്കുവാങ്ങാനാകുന്നതെന്നും അവർ ചോദിച്ചു.