ദില്ലി: ആംആദ്മി പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വാതി മലിവാൾ എം പി രംഗത്ത്. തനിക്കെതിരെ എ എ പി ഗൂഢാലോചന നടത്തുകയാണെന്നും അപവാദ പ്രചാരണം നടത്താൻ നേതാക്കൾക്ക് മേൽ ആം ആദ്മി പാർട്ടി നേതാക്കൾ സമ്മർദം ചെലുത്തുന്നുണ്ടെന്നുമാണ് സ്വാതിയുടെ ആരോപണം.
സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടാനുള്ള നീക്കങ്ങളടക്കം ആം ആദ്മി നേതാക്കൾ നടത്തുന്നുണ്ടെന്നും സ്വാതി ആരോപിച്ചു. തന്നെ പിന്തുണയ്ക്കുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുകയാണെന്നും ബിഭവിനെ മുതിർന്ന നേതാക്കളടക്കം ഭയക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ദില്ലിയിലെ വനിതാ മന്ത്രിപോലും തനിക്കെതിരെ പ്രവർത്തിക്കുന്നതിൽ വിഷമമുണ്ടെന്നും സ്വാതി മലിവാൾ പറഞ്ഞു.
അതിനിടെ കേസിലെ പ്രതി ബിഭവ് കുമാറിനെ മുംബൈയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. മുംബൈയിലെ മൂന്നിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചിലരുടെ മൊഴിയെടുത്തതായും ദില്ലി പൊലീസ് വ്യക്തമാക്കി. കേസിനെ പറ്റി 9 ദിവസമായി ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ മിണ്ടാത്തതിലൂടെ എല്ലാം വ്യക്തമായെന്ന് ബി ജെ പിയും ആരോപിച്ചു.