ചെന്നൈ: സുപ്രീംകോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, ഡിഎംകെ നേതാവ് കെ. പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റു. ഗവര്‍ണര്‍ പൊന്മുടിയെ അഭിനന്ദിക്കുകയും മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി.
ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവര്‍ണറുടെ നടപടിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായിവിമര്‍ശിച്ചിരുന്നു. കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിര്‍ദേശം തള്ളിയ ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഗവര്‍ണര്‍ എന്താണ് ചെയ്യുന്നതെന്നും സുപ്രീംകോടതിയെയാണ് അദ്ദേഹം എതിര്‍ക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗവര്‍ണര്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ വെള്ളിയാഴ്ച തങ്ങള്‍ക്ക് ഉത്തരവിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പുനല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ശിക്ഷ സ്റ്റേചെയ്യപ്പെട്ടശേഷം മന്ത്രിയാക്കുന്നത് എങ്ങനെയാണ് ഭരണഘടനാധാര്‍മികതയ്ക്ക് എതിരാകുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.