കൊച്ചി: ലക്ഷദ്വീപിലും പ്രവര്‍ത്തനമാരംഭിച്ച് സ്വിഗ്ഗി. ലക്ഷദ്വീപിലെ അഗത്തി ദ്വീപില്‍ ഉടന്‍ തന്നെ ഭക്ഷണ വിതരണ സേവനം ആരംഭിക്കുമെന്ന് സ്വിഗ്ഗി. ലക്ഷദ്വീപ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണം ആരംഭിക്കുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമാകും സ്വിഗ്ഗി. എല്ലാ ഡെലിവറികളും സൈക്കിളിലായിരിക്കും നടത്തുക. ആദ്യ ഓര്‍ഡറുകള്‍ക്ക് സൗജന്യ ഡെലിവറി, 100 രൂപ വരെയുളള ഓര്‍ഡറുകള്‍ക്ക് 50 ശതമാനം കിഴിവ് തുടങ്ങിയ സ്‌പെഷ്യല്‍ ഓഫറുകളോടെയാണ് ലോഞ്ചിംഗ്.
ദ്വീപിലെ റസ്റ്റോറന്റുകളായ എഎഫ്‌സി ഫ്രൈഡ് ചിക്കന്‍, സിറ്റി ഹോട്ടല്‍, മുബാറക് ഹോട്ടല്‍ എന്നിവയുമായി സഹകരിച്ചാണ് ഡെലിവറി ആരംഭിക്കുന്നത്. അഗത്തി ദ്വീപില്‍ സ്വിഗ്ഗി ആരംഭിക്കുന്നതിലൂടെ ഒരു പാചക വിപ്ലവത്തിനാണ് തുടക്കമിടുന്നതെന്ന് എഎഫ്‌സി ഹോട്ടലുടമ മുഹമ്മദ് ഹംലെര്‍ഷ പറഞ്ഞു. തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരിക്കും ഭക്ഷ്യ വിതരണമെന്നും സ്വിഗ്ഗി ഉറപ്പു നല്‍കുന്നു.