കായികരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച 22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനും മികച്ച എതിരാളിയുമായ റാഫേല്‍ നദാലിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍.
‘എന്തൊരു കരിയര്‍, റാഫ! ഈ ദിവസം ഒരിക്കലും വരില്ലെന്ന് ഞാന്‍ എപ്പോഴും പ്രതീക്ഷിച്ചിരുന്നു, അവിസ്മരണീയമായ ഓര്‍മ്മകള്‍ക്കും ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ഗെയിമിലെ നിങ്ങളുടെ എല്ലാ അവിശ്വസനീയമായ നേട്ടങ്ങള്‍ക്കും നന്ദി. ഇതൊരു തികഞ്ഞ ബഹുമതിയാണ്!’ -രണ്ട് വര്‍ഷം മുമ്പ് വിരമിച്ച 20 തവണ ഗ്രാന്‍ഡ് സ്ലാം ജേതാവായ ഫെഡറര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു.
2004 മാര്‍ച്ചില്‍ മയാമിയില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അപ്പോള്‍ നദാലിന് വെറും 17 വയസ്സായിരുന്നു, റാങ്കിംഗില്‍ അദ്ദേഹം 34 ല്‍ മാത്രമായിരുന്നു. ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഫെഡറര്‍ ആ വര്‍ഷം തന്നെ ഓസ്ട്രേലിയന്‍ ഓപ്പണും ഇന്ത്യന്‍ വെല്‍സും നേടിയിരുന്നു. പിന്നീടിങ്ങോട്ടുള്ള യാത്രയില്‍ അവരുടെ മത്സരം ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ടുനിന്നു. 2022 സെപ്റ്റംബറില്‍ ലണ്ടനില്‍ നടന്ന ലേവര്‍ കപ്പില്‍ വൈകാരികമായി ഫെഡറര്‍ കളിക്കളത്തോട് വിടപറയുകയും ചെയ്തു.
”റോജര്‍ കളിക്കളത്തോട് വിട പറയുമ്പോള്‍ , എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗവും പോകുകയാണ്” 2022 സെപ്റ്റംബറില്‍ റോജറിന്റെ അവസാന മത്സരത്തില്‍ കണ്ണീരോടെ നദാല്‍ പറഞ്ഞതിങ്ങനെയായിരുന്നു.