വിമതർ രാജ്യത്തെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പലായനം ചെയ്ത പ്രസിഡന്റ് ബാഷർ അല്‍ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത. ദമസ്കസിലെ അസദിന്റെ ഔദ്യോഗിക വസതിയിലേക്ക് ജനങ്ങള്‍ ഇരച്ചുകയറുന്നതും കൈയില്‍ കിട്ടിയതൊക്കെയും എടുത്ത് കടന്നുകളയുന്നതും പുറത്തുവന്ന വീഡിയോകളില്‍ കാണാം. കൊട്ടാരം കൊള്ളയടിക്കുന്ന സിറിയൻ ജനതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൻതോതില്‍ പ്രചരിക്കുന്നുണ്ട്.
കൊട്ടാരത്തിലെ മുറികളില്‍ കയറി ഇറങ്ങി, ഫോട്ടോക്ക് പോസ് ചെയ്യുന്ന ആളുകളെയും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പുറമേ ചിലർ കൊട്ടാരത്തിലെ ഫർണിച്ചറുകള്‍ ഇവിടെ നിന്ന് കടത്തുകയും ആഭരണങ്ങള്‍ ഉള്‍പ്പെടെ എടുത്തുകൊണ്ട് പോവുന്നതും വീഡിയോകളിലുണ്ട്. വിമതസേന രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സിറിയൻ ജനത 24 വർഷം ഏകാധിപത്യ ഭരണം നയിച്ച പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്.
13 വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിന് ഒടുവില്‍ ഞായറാഴ്ചയാണ് സിറിയയില്‍ വിമതർ തലസ്ഥാന നഗരമായ ദമസ്കസ് പിടിച്ചടക്കിയത്. അസദിന്റെയും കുടുംബത്തിന്റെയും അഞ്ച് പതിറ്റാണ്ടോളം നീണ്ട കുടുംബ ഭരണത്തിന് ഇതോടെ അന്ത്യമായിരിക്കുന്നത്. വിമതർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ പ്രസിഡന്റ് ഇവിടെ നിന്ന് പലായനം ചെയ്തെന്നും കൊല്ലപ്പെട്ടന്നും റിപ്പോർട്ടുകൾ ഉണ്ട്.