തിരുവനന്തപുരം: സിറോ മലബാര്‍ സഭയിലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഏകീകൃത കുര്‍ബാന വിഷയത്തില്‍ സഭ കടുത്ത നടപടിയിലേക്ക്. സെന്റ് തോമസ് ദിനമായ ജൂലൈ 3 നുശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തായിരിക്കുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. ഈ സര്‍ക്കുലര്‍ ജൂണ്‍ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കും.
സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയില്‍ തുടരാന്‍ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. മാത്രമല്ല, നടപടി നേരിടേണ്ടിവരുന്ന വൈദികര്‍ക്ക് വിവാഹം നടത്താനും അധികാരമില്ല.
അതേസമയം, മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരമാണ് ഏകീകൃത കുര്‍ബാന വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന വിമതര്‍ക്കെതിരെ സഭാ നേതൃത്വം നടപടി സ്വീകരിക്കുന്നത്. സിറോ മലബാര്‍ സഭയിലെ എല്ലാ വൈദികര്‍ക്കും ഈ ഉത്തരവ് ബാധകം ആയിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഉത്തരവ് പാലിക്കാത്ത വൈദികര്‍ക്ക് പൗരോഹിത്യ ശുശ്രൂഷയില്‍ നിന്നും വിലക്കേര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.