സീറോ- മലബാര്‍ സഭയില്‍ കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. സിറോ മലബാർ സഭ നേതൃത്വവും എറണാകുളം – അങ്കമാലി രൂപതയിലെ ഒരു വിഭാഗവും ഏകീകൃത കുർബാനയുടെ പേരിൽ തുടർന്നുകൊണ്ടിരുന്ന തർക്കത്തിന് ഇതോടെ താൽക്കാലിക വിരാമമാവുകയാണ്. ഇരു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറായതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.
രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകളിലാണ് പരിഹാരം രൂപപ്പെട്ടത്. ഇതനുസരിച്ച് ജൂണ്‍ ആറിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ ഫ്രീസ് ചെയ്യും. ഞായറാഴ്ച ഒരു കുര്‍ബാന മാത്രം ഏകീകൃത രീതിയില്‍ ഇടവക വികാരിയുടെ സൗകര്യം പോലെ നടത്തും. ഇത് ജൂലൈ 3 മുതല്‍ നടപ്പാക്കും. എല്ലാ അച്ചടക്ക നടപടികളും മരവിപ്പിക്കും. രൂപത വിഭജിക്കില്ല. ഇത്രയുമാണ് സമവായ തീരുമാനങ്ങൾ.
തീരുമാനങ്ങള്‍ രാത്രിതന്നെ വത്തിക്കാന്‍ കാര്യാലയങ്ങളെ അറിയിച്ചു. വത്തിക്കാന്‍ അംഗീകരിച്ചാല്‍ ഇന്നുതന്നെ സെന്റ് തോമസ് മൗണ്ടിൽ നിന്ന് പുതിയ സര്‍ക്കുലര്‍ ഇറങ്ങും.
ബിഷപ്പുമാരായ മാർ ബോസ്‌കോ പുത്തൂർ, മാർ തോമസ് ചിറ്റൂപറമ്പില്‍, മാർ ജോസ് എടയന്ത്രത്ത് , ആര്‍ച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ എറണാകുളം – അങ്കമാലി അതിരൂപതയുടെ ആലോചനാ സമിതി, കൂരിയ എന്നിവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അന്തിമ തീരുമാനത്തിലെത്തിയത് . എറണാകുളം – അങ്കമാലി അതിരൂപതക്കാരായ മറ്റ് രണ്ട് മെത്രാന്‍മാരില്‍ മാർ ജോസ് പുത്തന്‍വീട്ടില്‍ ചര്‍ച്ചകളില്‍ ഇടപെട്ടില്ല. മാർ എഫ്രേം നരികുളം യാത്രയിലായതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
ഇതോടെ സീറോ മലബാര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാന തുടരും എന്നുറപ്പായി. ഒറ്റക്കെട്ടായിനിന്നാണ് എറണാകുളം അതിരൂപത കുര്‍ബാന അര്‍പ്പണരീതി നിലനിര്‍ത്തിയത്. നിയമ വിരുദ്ധം എന്ന് വത്തിക്കാന്‍ പല തവണ പറഞ്ഞ ജനാഭിമുഖ കുര്‍ബാനയാണ് ഇതോടെ നിയമപരമാവുകയാണ്. എറണാകുളത്തിന്റെ ചുവട് പിടിച്ച് ജനാഭിമുഖ കുര്‍ബാനയ്ക്കായുള്ള മുറവിളി മറ്റ് രൂപതകളിലും തുടങ്ങാൻ സാധ്യതയില്ലാതില്ല. ഏതായാലും മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി അടക്കം ശ്രമിച്ചിട്ട് നടക്കാതിരുന്ന കീറാമുട്ടിയാണ് രൂപതയിലെ മെത്രാന്മാരുടെ സഹായത്തോടെ കർദിനാൾ മാർ റാഫേൽ തട്ടിൽ പരിഹരിച്ചത്.
Syro Malabar church Unified mass Dispute resolved temporarily