തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി അൻവറിൻ്റെ വിമർശനങ്ങളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അത് അൻവറിന്റെ ആരോപണങ്ങളോ, വാർത്താസമ്മേളനമോ കാരണം തകരില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ചേരുന്നതല്ല അൻവറിൻ്റെ പ്രതികരണമെന്നും അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണോ എന്ന് സംശയിക്കേണ്ടതാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അൻവറിൻ്റെ നിലപാടിനെ സിപിഎമ്മിന് അംഗീകരിക്കാൻ കഴിയില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
“അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചേരുന്ന രീതിയിലല്ല അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. അന്‍വറിനെ അപകടത്തിലാക്കുന്നതിന് വേണ്ടി ഏതോ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അതില്‍ അദ്ദേഹം പെട്ടുപോവുകയാണ്. അന്‍വറിന്റെ നിലപാടിനെ ഒരുകാരണവശാലും സിപിഎമ്മിന് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനൊക്കെ അന്‍വറിന് അവകാശമുണ്ട്. പക്ഷേ മുഖ്യമന്ത്രിയുടെ അംഗീകാരം ജനങ്ങളില്‍ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങള്‍ നല്‍കിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. അന്‍വറിന്റെ പത്രസമ്മേളനം കൊണ്ടോ ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടോ ഇതൊന്നും അവസാനിക്കുന്നതല്ല.
മുഖ്യമന്ത്രി ചതിച്ചു എന്ന അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ തേജസ് കെട്ടുപോയിട്ടില്ല. ആ തേജസ് കൃത്രിമമായി നിര്‍മ്മിച്ചതല്ല. ഈ വര്‍ത്തമാനം കൊണ്ട് ആ ശോഭ കെട്ടുപോകില്ല. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ല. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായാണ് അന്‍വര്‍ സംസാരിക്കുന്നത്,” ആ നിലപാട് തിരുത്താനാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
‘2021ൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ ആ സൂര്യൻ ഇപ്പൊൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചതിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.