
ടി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം ഒരുക്കി ഇന്ത്യ. വിരാട് കൊഹ്ലി (59 ബോളില്‍ 76 ), അക്ഷര്‍ പട്ടേല്‍ (31ബോളില്‍ 47), ശിവ ദുബ (16 ബോളില്‍ 27) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 176 റണ്‍സിലേക്ക് ഉയര്‍ന്നത്.
ആദ്യ ഓവറുകളില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കൊഹ്ലിയും, പട്ടേലും ചേര്‍ന്നാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ കളികളിലുടനീളം ഒട്ടും ഫോമിലല്ലാതിരുന്ന വിരാട് കൊഹ്ലി ഫൈനലില്‍ പുറത്തെടുത്തത് മികച്ച ബാറ്റിംഗായിരുന്നു. കളിയുടെ ഒരു ഘട്ടത്തില്‍ പകച്ചുപോയ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തിയതില്‍ കൊഹ്ലിയുടെ അര്‍ദ്ധ സെഞ്ച്വറിക്ക് മികച്ച പങ്കുണ്ടായിരുന്നു. ഇതോടെ ടി20 ലോകകപ്പ് ഫൈനലില്‍ രണ്ടുതവണ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കൊഹ്ലിക്ക് സ്വന്തമായി.
176ലേക്ക് കുതിച്ച്, അങ്ങനെ ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡിലേക്കാണ് ഇന്ത്യ അടിച്ചു കേറിയത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പ്,ഐ.സി.സി ലോകകപ്പ് ഫൈനലില്‍ തോല്‍വി നുണഞ്ഞ് കണ്ണീരോടെ മടങ്ങിയ ഇന്ത്യക്ക് ഇന്നത്തെ T20 കപ്പ് ഉയര്‍ത്താനാകുമോ എന്ന നെഞ്ചിടിപ്പാണ് ഇന്ത്യയുടെ ആരാധകരെ മുള്‍ മുനയില്‍ നിര്‍ത്തുന്നത്.
അതേസമയം, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയാകട്ടെ, 12.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തിട്ടുണ്ട്.