ഷെജിയാങ്: ചൈനയെ ഞെട്ടിച്ച് കപ്പൽ അപകടം. കിഴക്കൻ ചൈനയിലെ തുറമുഖത്താണ് നങ്കൂരമിട്ട കപ്പൽ പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ചയാണ് ചൈനയിലെ കിഴക്കൻ മേഖലയിലെ ഷെജിയാങ് പ്രവിശ്യയിലെ നിംഗ്ബോ-ഷൗഷാൻ തുറമുഖത്ത് കണ്ടെയ്നർ ഷിപ്പ് പൊട്ടിത്തെറിച്ചതെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 1.40ഓടെയാണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ലാസ് 5 വിഭാഗത്തിൽ ഉൾപ്പെടുന്ന അപകടകരമായ വസ്തുക്കളായിരുന്നു കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. തായ്വാനിൽ നിന്നുള്ള യാംഗ് മിംഗ് മറീൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കപ്പലാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ തുറമുഖത്തിന് സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളിലെ ജനാലകൾ തകർന്നു. ഒരു മൈലിലേറെ ദൂരെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങൾ എത്തി.
കപ്പലിൽ തീ പടർന്നതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. ആയിരം അടി നീളവും 130 അടി വതിയും 81000 ടൺ ഭാരം വഹിക്കാൻ ശേഷിയുമുള്ള കാർഗോ കപ്പലാണ് പൊട്ടിച്ചിതറിയത്. ചൈനയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് പൊട്ടിത്തെറിയുണ്ടായിട്ടുള്ളത്.
taiwan ship exploded in Chinese port