ദില്ലി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇന്ത്യയിൽ ആക്ടിംഗ് കോൺസലിനെ നിയമിച്ചു. മുംബൈയിൽ പഠിക്കുന്ന അഫ്ഗാന്‍ സ്വദേശിയായ വിദ്യാർഥിയായ ഇക്രാമുദ്ദീൻ കമീലിനെയാണ് താലിബാന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധി ആയി നിയമിച്ചിരിക്കുന്നത്. മുംബൈയിലെ അഫ്ഗാനിസ്താന്റെ ആക്ടിങ് കോണ്‍സുലായി നിയമിച്ചിരിക്കുകയാണ് താലിബാന്‍. ഇന്ത്യാ- താലിബാന്‍ ബന്ധത്തില്‍ നയതന്ത്രപരമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് പുതിയ തീരുമാനമെന്നത് ശ്രദ്ധേയമാണ്.
മാനുഷിക വിഷയങ്ങളിൽ ഇന്ത്യ താലിബാനുമായി സഹകരിക്കുന്നുണ്ടെങ്കിലും താലിബാൻ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തിൽ ഔദ്യോഗിക സഹകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വിഷയത്തിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അഫ്ഗാൻ ഇന്ത്യയിൽ സ്വന്തം ഉദ്യോഗസ്ഥരെ നിയമിക്കാൻ മുമ്പ് നടത്തിയ ശ്രമങ്ങൾ വിജയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ താലിബാന്‍റെ പുതിയ തീരുമാനം ഇന്ത്യ കൊള്ളുമോ തള്ളുമോ എന്നത് കണ്ടറിയണം.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പോടുകൂടിയാണ് ഇക്രാമുദ്ദീന്‍ ഇന്ത്യയിലെത്തി പഠിക്കുന്നത്. നിലവില്‍ മുംബൈയില്‍ താമസിക്കുന്ന ഇയാള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിലെ സുരക്ഷാ- അതിര്‍ത്തി വിഷയങ്ങളില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ടിച്ച് പരിചയമുള്ള ആളാണ് എന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ പറയുന്നത്.