യുഎൻ പ്രത്യേക റിപ്പോര്‍ട്ടർക്ക് അഫ്ഗാനിൽ വിലക്ക് പ്രഖ്യാപിച്ച് താലിബാന്‍, ‘കുപ്രചാരണവും പ്രൊപ്പഗണ്ടയും’ പ്രചരിപ്പിക്കുന്നുവെന്ന് വിശദീകരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മനസിലാക്കാൻ ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക റിപ്പോര്‍ട്ടറായ മനുഷ്യാവകാശ പ്രവർത്തകൻ റിച്ചാര്‍ഡ് ബെന്നെറ്റിന് വിലക്ക് പ്രഖ്യാപിച്ച് താലിബാൻ. അഫ്ഗാനിൽ പ്രവേശിക്കാൻ ബെന്നെറ്റിനെ അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. കുപ്രചാരണവും പ്രൊപ്പഗണ്ടയും പ്രചരിപ്പിക്കാനാണ് റിച്ചാര്‍ഡിനെ നിയമിച്ചതെന്ന് ആരോപിച്ചാണ് താലിബാന്റെ നീക്കം. റിച്ചാര്‍ഡിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും താലിബാന്‍ അറിയിച്ചു.

അതേസമയം താലിബാന്റെ തീരുമാനത്തെ അപലപിച്ച് ബെന്നെറ്റ് രംഗത്തെത്തി. ‘താലിബാനുമായി നിരന്തരം സുതാര്യമായി ഇടപെടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. താലിബാൻ്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാനുള്ള എന്റെ സന്നദ്ധതയെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അഫ്ഗാനിസ്ഥാനിലേക്ക് എന്നെ പ്രവേശിപ്പിക്കില്ലെന്ന താലിബാന്റെ പരസ്യ പ്രസ്താവന പിന്നോട്ടുള്ള ചുവടുവെപ്പാണ്. ഐക്യരാഷ്ട്രസഭയോടും മനുഷ്യാവകാശങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തോടുമുള്ള അവരുടെ ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കാജനകമായ സൂചനയാണിത് നല്‍കുന്നത്,’ ബെന്നെറ്റ് പറഞ്ഞു. യുഎന്‍ നിയമിച്ച റിപ്പോര്‍ട്ടറെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 മെയ് ഒന്നിനാണ് റിച്ചാര്‍ഡ് ബെന്നെറ്റിനെ പ്രതേക റിപ്പോര്‍ട്ടറായി യു എൻ നിയോഗിച്ചത്.