കൊലപാതക കുറ്റം ചുമത്തി രണ്ടുപേരെ പരസ്യമായി വധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാന്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍, കൊലപാതകക്കുറ്റം ചുമത്തി രണ്ടുപേരെ താലിബാന്‍ അധികൃതര്‍ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെ ദൃക്‌സാക്ഷിയായ എഎഫ്പി മാധ്യമപ്രവര്‍ത്തകനാണ് വാര്‍ത്ത പുറത്തുവിട്ടത്.

താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട മരണ വാറണ്ട് സുപ്രീം കോടതി ഉദ്യോഗസ്ഥന്‍ അതിഖുള്ള ദാര്‍വിഷ് ഉറക്കെ വായിച്ചതിന് ശേഷം ഗസ്നി നഗരത്തില്‍ രണ്ട് പേരെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്.

വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ആയിരക്കണക്കിന് പുരുഷന്മാരാണ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. ഇരകളുടെ കുടുംബം മാപ്പ് നല്‍കാത്തതിനാല്‍ ശിക്ഷ നടപ്പിലാക്കുകതന്നെ ചെയ്തു. മിക്ക ആധുനിക മുസ്ലീം രാജ്യങ്ങളും ഉപയോഗിക്കാത്ത വധശിക്ഷയും ശാരീരിക ശിക്ഷകളും ഉള്‍പ്പെടെ താലിബാന്‍ ഭരണകൂടം നടത്തുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

1996 മുതല്‍ 2001 വരെയുള്ള താലിബാന്റെ ആദ്യ ഭരണകാലത്ത് പരസ്യമായ വധശിക്ഷകള്‍ സാധാരണമായിരുന്നു. താലിബാന്‍ പിന്നീട് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം നടപ്പാക്കുന്ന മൂന്നാമത്തെയും നാലാമത്തെയും വധശിക്ഷയാണ് വ്യാഴാഴ്ചത്തേത്. ഇതിനുമുമ്പ് വധശിക്ഷയ്ക്ക് വിധേയരായ രണ്ടുപേരും കൊലക്കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്.

മോഷണം, വ്യഭിചാരം, മദ്യപാനം എന്നിവയുള്‍പ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് താലിബാന്‍ പതിവായി പരസ്യമായി ചാട്ടവാറടികള്‍ നല്‍കാറുണ്ട്. 2023 ജൂണില്‍ ലഗ്മാന്‍ പ്രവിശ്യയിലെ ഒരു പള്ളിയുടെ മൈതാനത്ത് 2,000 ത്തോളം ആളുകള്‍ നോക്കിനില്‍ക്കെയാണ് മുമ്പത്തെ വധശിക്ഷ നടപ്പിലാക്കിയത്.

More Stories from this section

family-dental
witywide