‘പോസിറ്റീവ്’, ഗാസ വെടിനിർത്തൽ ചർച്ചക്കായി ഇസ്രയേലിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനുമായുള്ള ചർച്ചക്ക് ശേഷം നെതന്യാഹു

ഗാസ: ഗാസയിൽ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലിലെത്തി യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ബ്ലിങ്കന്‍ തെല്‍ അവീവില്‍ എത്തി നടത്തിയ ചർച്ചകൾ പോസിറ്റീവ് ആണെന്നാണ് നെതന്യാഹ്യു പറഞ്ഞത്. ആന്‍റണി ബ്ലിങ്കനുമായുള്ള താൻ മൂന്ന് മണിക്കൂർ നടത്തിയ കൂടിക്കാഴ്ച നല്ല മനോഭാവത്തോടെയായിരുന്നുവെന്നും ചർച്ച പോസിറ്റീവ് ആണെന്നും ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു. ഇത് വെടിനിർത്തലിന് സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബറിൽ ഹമാസിനെതിരായ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം യു എസ് സ്റ്റേറ്റ് സെക്രട്ടറി ഒമ്പതാം തവണയാണ് ഇസ്രയേലിലെത്തി ചർച്ച നടത്തുന്നത്. കഴിഞ്ഞയാഴ്ച ദോഹയിൽ ചർച്ചകൾ പുനരാരംഭിച്ചതിന് ശേഷം വെടിനിർത്തൽ കരാറിനെക്കുറിച്ച് യു എസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കൻ തന്നെ വീണ്ടും ഇസ്രയേലിൽ നേരിട്ടെത്തി ചർച്ച നടത്തിയത്. ചർച്ചയുടെ പുരോഗതിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഒരു മിഥ്യയാണെന്നാണ് ഹമാസ് പ്രതികരിച്ചത്.

അതേസമയം എന്തു വിലകൊടുത്തും വെടിനിര്‍ത്തല്‍ കരാര്‍ ഇസ്‌റാഈലിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ബ്ലിങ്കന്‍ നീക്കം നടത്തുമെന്ന് അമേരിക്ക പ്രതികരിച്ചു. മേഖലയിൽ യുദ്ധം ഒഴിവാക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് അമേരിക്ക ഇസ്രായേല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ ബന്ദികളെ വിട്ടയക്കാനുള്ള ഏറ്റവും നല്ലതും എന്നാല്‍ അവസാനത്തെതുമായ അവസരമായിരിക്കും ഇതെന്നാണ് ച‍ർച്ചക്ക് മുന്നേ ബ്ലിങ്കന്‍ പ്രതികരിച്ചത്. സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന മാര്‍ഗത്തിലേക്ക് എല്ലാവരേയും എത്തിക്കുമെന്നും ബ്ലിങ്കന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.