ചെന്നൈ: രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ വയനാട് ജില്ലയിലെ മുണ്ടക്കൈലുണ്ടായ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി തമിഴ് നടന്‍ വിജയ്. ദുരന്തത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥനകളുണ്ടെന്നും വിജയ് അറിയിച്ചു. തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കേരളത്തിലെ വയനാട്ടിൽ നടന്ന ഉരുള്‍പൊട്ടല്‍ അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും വേദനിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ്. ദുരിതബാധിതര്‍ക്ക് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു,” വിജയ് എക്‌സില്‍ കുറിച്ചു.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ ഡിഎംകെ സർക്കാർ വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് അഞ്ച് കോടി രൂപയുടെ ധനസഹായമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച സ്റ്റാലിന്‍ ദുരന്തത്തെക്കുറിച്ച് ആരാഞ്ഞു. രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും, ഫയര്‍മാന്‍മാരുടെയും എസ്ഡിആര്‍എഫിന്റെയും ഒരു സംഘത്തെയും മെഡിക്കല്‍ സംഘത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും സഹായിക്കാന്‍ തമിഴ്നാട് നിയോഗിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.