സ്റ്റാലിൻ സർക്കാർ തമിഴ്നാട്ടിൽ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം നിരോധിച്ചു: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സർക്കാർ നിരോധിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഞായറാഴ്ച ഒരു തമിഴ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയെ ഉദ്ധരിച്ചാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. എന്നാൽ ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് തമിഴ്നാട് സർക്കാർ ഈ വാർത്ത നിഷേധിച്ചു.

തമിഴ്‌നാട് സർക്കാരിന്റെ ഭരണത്തിൻ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമനുള്ള പൂജ തടഞ്ഞിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ ആരോപിച്ചു.

“ജനുവരി 22-ലെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടികളുടെ തത്സമയ സംപ്രേക്ഷണത്തിന് തമിഴ്നാട് സർക്കാർ വിലക്കേർപ്പെടുത്തി. ശ്രീരാമ പ്രതിഷ്ഠയുള്ള 200-ലധികം ക്ഷേത്രങ്ങളുണ്ട് തമിഴ്നാട്ടിൽ. സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ ശ്രീരാമന്റെ നാമത്തിലുള്ള പൂജ/ഭജന/പ്രസാദം/അന്നദാനം എന്നിവ അനുവദനീയമല്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്ന് പോലീസ് തടയുന്നു. പന്തലുകൾ പൊളിക്കുമെന്ന് ഇവർ സംഘാടകരെ ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിൽ ഹിന്ദു വിരോധവും വിദ്വേഷവും നിറഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നു,” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിർമ്മല സീതാരാമൻ കുറിച്ചു.

അനൗദ്യോഗികമായി തമിഴ്നാട് സർക്കാർ പറയുന്നത് ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് തത്സമയം പ്രദർശിപ്പിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ്. എന്നാൽ, ബാബരി കേസിന്റെ വിധി വന്നപ്പോൾ തമിഴ്നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ല. പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴും തമിഴ്നാട്ടിൽ പ്രശ്നമുണ്ടായില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

അതേസമയം, നിർമല സീതാരാമന്റെ പ്രസ്താവനക്കെതിരെ ഡി.എം.കെ മന്ത്രി പി.കെ.ശേഖർ ബാബു രംഗത്തെത്തി. നിർമല വ്യാജ പ്രചാരണം നടത്തുന്നതിനെ ശക്തമായി അപലപിക്കുകയാണ്. സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് കോൺ​ഫറൻസിൽ നിന്നും ശ്രദ്ധതിരിക്കുകയാണ് നിർമലയുടെ ലക്ഷ്യം. പ്രതിഷ്ഠാദിനത്തിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിനും പൂജകൾ നടത്തുന്നതിനും ഒരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide