ചെന്നൈ: തിരുവോണം ആഘോഷിക്കുന്ന മലയാളികൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആശംസകൾ നേർന്നു. ദ്രാവിഡ സഹോദരങ്ങളായ കേരളത്തിലെ ജനങ്ങൾക്ക് ഏതൊരു ആപത്തിലും കൈത്താങ്ങായി തമിഴ്നാട് സർക്കാറുണ്ടാവുമെന്ന് സ്റ്റാലിൻ പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ സംഭവത്തിൽ തമിഴ്നാട് സർക്കാർ അഞ്ചു കോടി രൂപ അനുവദിക്കുകയും വൈദ്യസംഘം ഉൾപ്പെടെ രക്ഷാപ്രവർത്തകരെ അയക്കുകയുംചെയ്തിരുന്നു. കെടുതികളിൽനിന്ന് കരകയറി സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഓണം ആഘോഷിക്കുന്ന മലയാളി സഹോദരങ്ങൾക്ക് ആശംസ നേരുന്നതായി സ്റ്റാലിൻ അറിയിച്ചു.
അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷമാണ് ഓണാശംസകൾ നേർന്നത്. തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുമായി 7618 കോടി രൂപയുടെ ധാരണാപാത്രം ഒപ്പിട്ടെന്നും ഇതിലൂടെ 11,516 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും സ്റ്റാലിൻ വിശദീകരിച്ചു. വിദേശനിക്ഷേപത്തെ കുറിച്ചുള്ള വാഗ്ദാനങ്ങൾ 100 ശതമാനം യഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം വിവരിച്ചു