ചെന്നൈ: അഭ്യൂഹങ്ങൾക്കൊടുവിൽ ഡി എം കെ മന്ത്രിയും മുഖ്യമന്ത്രി എം കെ സ്ഥാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയിലേക്കെന്ന് ഔദ്യോഗിക സ്ഥിരീകരണമായി. പദവി കാര്യത്തിൽ തമിഴ്നാട് രാജ് ഭവനിൽ നിന്ന് സ്ഥിരീകരണമെത്തി. നാളെ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്.
2021 മെയിലാണ് ഉദയനിധി സ്റ്റാലിൻ ആദ്യമായി എംഎൽഎ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവിൽ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ്. ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നൽകികൊണ്ടാണ് ഉപമുഖ്യമന്ത്രി കസേര നൽകുന്നത്.
കള്ളപ്പണ കേസിൽ ഇ ഡി അറസ്റ്റിലായ ശേഷം കഴിഞ്ഞ ദിവസം ജാമ്യം നേടി ജയലിലിന് പുറത്തിറങ്ങിയ സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സെന്തിൽ ബാലാജിയും നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് ശേഷം 3:30 ന് രാജ്ഭവനിൽ വച്ചാകും സത്യപ്രതിജ്ഞ. ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്. 3 മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സെന്തിൽ ബാലാജിയെ മന്ത്രിയാക്കുന്നതിലടക്കം ഗവർണർ ആർഎൻ രവി എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചത് ഇതിനുള്ള തെളിവാണ്.