ചെന്നൈ: തമിഴ്‌നാട്ടിലേക്ക് നിക്ഷേപം തേടിയെത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ യു എസ് സന്ദർശനത്തിൽ കോടികളുടെ കരാർ ഒപ്പുവച്ചു. മൈക്രോചിപ്പ്, നോക്കിയ, പേപാൽ എന്നിവയുൾപ്പെടെ നിരവധി കമ്പനികളുമായി സ്റ്റാലിൻ കരാറിൽ ഒപ്പുവച്ചു. സാൻഫ്രാൻസിസ്‌കോയിലെ ആദ്യ നിക്ഷേപക സംഗമത്തിൽ 2000 കോടി രൂപയിൽ അധികം നിക്ഷേപങ്ങൾക്കുള്ള ധാരണപത്രം ഒപ്പിട്ടതായി വ്യവസായ മന്ത്രി ടി ആർ ബി രാജ അറിയിച്ചു. നോക്കിയ, പേ പാൽ, അപ്ലൈഡ് മെറ്റീരിയൽസ് തുടങ്ങിയ കമ്പനികളുമായാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതിലൂടെ 5100 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും വ്യവസായമന്ത്രി വ്യക്തമാക്കി.
ചെന്നൈയിലെ സെമ്മഞ്ചേരിയിൽ അർധചാലക സാങ്കേതിക വിദ്യയിൽ ഗവേഷണ-വികസന കേന്ദ്രത്തിനായി മൈക്രോചിപ് പ്രതിനിധികളായ പാട്രിക് ജോൺസണും ബ്രൂസ് വെയറും മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി ടി ആർ ബി രാജയുടെയും സാന്നിധ്യത്തിൽ 250 കോടി രൂപയുടെ പദ്ധതിക്കുള്ള ധാരണാപത്രമാണ് ഒപ്പുവച്ചു. 1500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കൽപട്ടിലെ സിരുശേരിയിൽ 450 കോടിയുടെ പദ്ധതിക്കായി നോക്കിയയുമായും കരാർ ഒപ്പിട്ടു. അപ്ലൈഡ് മെറ്റീരിയൽ എഐ എനേബിൾഡ് ടെക്‌നോളജി ഡെവലപ്‌മെൻ്റ് സെൻ്റർ ചെന്നൈയിലെ തരമണിയിൽ സ്ഥാപിക്കാനും കരാർ ഒപ്പിട്ടു.
ഇലക്‌ട്രോലൈസർ നിർമാണത്തിനും ഹൈഡ്രജൻ സൊല്യൂഷൻ സംവിധാനങ്ങൾക്കുമുള്ള ഘടകങ്ങളുടെ നിർമാണത്തിനായി ഓമിയയുമായും കരാർ ഒപ്പിട്ടു. ഗീക്ക് മൈൻഡ്‌സുമായും ഇൻഫിൻക്സുമായും യീൽഡ് എഞ്ചിനീയറിംഗ് സിസ്റ്റവുമായും സർക്കാർ കരാറിൽ ഒപ്പുവച്ചു. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി അമേരിക്കയിലെ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്യുകയും സെപ്റ്റംബർ 2 ന് ചിക്കാഗോയിൽ യു എസ് ആസ്ഥാനമായുള്ള കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്യും. യാത്രയ്ക്കിടെ ഫോർച്യൂൺ 500 കമ്പനികളുടെ സിഇഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
2030-ഓടെ സംസ്ഥാനത്തെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറ്റുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് സ്റ്റാലിനും ഉന്നതതല ഉദ്യോഗസ്ഥ സംഘവും യു എസിൽ സന്ദർശനം നടത്തുന്നത്. തമിഴ്നാട്ടിലേക്ക് കോടികളുടെ നിക്ഷേപം ഉറപ്പാക്കാനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനം. സെപ്തംബർ 14 വരെ നീളും. ശേഷമാകും ചെന്നൈയിലേക്കുള്ള മടക്കം.