ചിക്കാഗോ: യുഎസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തിങ്കളാഴ്ച ചിക്കാഗോയിൽ സംസ്ഥാനത്തിൻ്റെ ഇലക്‌ട്രോണിക്‌സ് നിർമ്മാണ, നൈപുണ്യ വികസന മേഖലകളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രധാന വ്യാവസായിക നിക്ഷേപ കരാറുകളിൽ ഒപ്പുവച്ചു. അമേരിക്കൽ കമ്പനികളുമായി 2,666 കോടി രൂപയുടെ കരാറിലാണ് തമിഴ്നാട് സർക്കാർ ഒപ്പുവച്ചത്.
Jabil Inc., Rockwell Automation എന്നിവയിൽ നിന്നുള്ള നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള കരാറുകൾ തമിഴ്‌നാട്ടിലെ തിരുച്ചി, കാഞ്ചീപുരം ജില്ലകളിൽ 2,666 കോടി രൂപയും 5,300-ലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോഡെസ്കുമായുള്ള ഒരു അധിക ധാരണാപത്രം യുവാക്കളുടെ കഴിവുകളും സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യാവസായിക മത്സരക്ഷമതയും വർദ്ധിപ്പിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്‌നാടിൻ്റെ ഉൽപ്പാദന-സാങ്കേതിക ഹബ്ബായി മാറുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ജബിൽ ഇങ്ക്, വ്യാവസായിക ഓട്ടോമേഷൻ ഭീമനായ റോക്ക്‌വെൽ ഓട്ടോമേഷൻ എന്നിവ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചു.
ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കൂടാതെ തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി.രാജ, ജാബിലിന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് മാറ്റ് ക്രോളി മുതിർന്ന കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ‘ജാബിലുമായുള്ള ധാരണാപത്രം മധ്യ തമിഴ്‌നാടിന്റെ വ്യാവസായിക യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ, മധുരൈ, ഡിണ്ടിഗൽ, കരൂർ, തഞ്ചാവൂർ ജില്ലകളിലെ ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാർ സഹായിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി.രാജ പറഞ്ഞു.