ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ഗവർണർ ആർ.എൻ രവി. 1942-ന് ശേഷം ഗാന്ധിജിയുടെ പല സമരങ്ങളും നിഷ്ഫലമായിരുന്നുവെന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രവര്‍ത്തനങ്ങളാണ് സ്വാതന്ത്ര്യം ലഭിക്കാന്‍ കാരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും ആർ.എൻ രവി. നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ കിണ്ടിയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടങ്ങളല്ലെന്ന് ഗവർണർ പറഞ്ഞു. ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം. ഇത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. രാജ്യത്തെ സർവകലാശാലകൾ നേതാജിയെ കുറിച്ചും ഇന്ത്യൻ നാഷണൽ ആർമിയെ കുറിച്ചും ഗവേഷണങ്ങൾ നടത്തണമെന്നും ഗവർണർ രവി കൂട്ടിച്ചേർത്തു.