‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് കരതൊടാനിരിക്കെ ടാമ്പ മേയറുടെ മുന്നറിയിപ്പ്; ‘ഇനിയും ഒഴിഞ്ഞുപോകാത്തവർ കാത്തിരിക്കുന്നത് മരണം’! അതീവ ജാഗ്രത

മിൽട്ടൺ കൊടുങ്കാറ്റ് കര തൊടാനിരിക്കെ അതീവ ജാഗ്രതയിലാണ് അമേരിക്ക. മിൽട്ടൺ കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടാമ്പ നഗരത്തിൽ ഇനിയും ഒഴിഞ്ഞു പോകാത്തവർക്ക് മുന്നറിയിപ്പുമായി മേയർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഭീകരമായ കൊടുങ്കാറ്റിന് മുന്നോടിയായി ഒഴിഞ്ഞുമാറാനുള്ള ആഹ്വാനങ്ങൾ ശ്രദ്ധിക്കാത്തവർ ഗുരുതരമായ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്നാണ് മേയർ ജെയ്ൻ കാസ്റ്റർ പറയുന്നത്.

ഇനിയും ഒഴിഞ്ഞുപോകാത്തവർ കാത്തിരിക്കുന്നത് മരണത്തെയാണെന്നും അവർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ പലായനം ചെയ്യേണ്ട സമയമാണ്, ഒഴിപ്പിക്കൽ മേഖലകളിലെ താമസക്കാർ എല്ലാവരും സഹകരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.

അതേസമയം മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി പരത്തുന്ന അമേരിക്കയില്‍ ഇതിനകം 60 ലക്ഷം പേരെ കുടിയൊഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 255 കിലോ മീറ്ററിനും മുകളില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മില്‍ട്ടണ്‍ കൊടുങ്കാറ്റ് ന്യൂ മെക്‌സിക്കോയും കടന്ന് ഫ്ലോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. മിൽട്ടനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പ്രസിഡന്റ് ബൈഡനടക്കമുള്ളവർ വിലയിരുത്തിയിട്ടുണ്ട്.

മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ ഫ്ലോറിഡയിൽ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഏറ്റവും മോശം കൊടുങ്കാറ്റായിരിക്കും ഇതെന്നാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്‍ പറഞ്ഞത്.