ലോകത്തെ ഏറ്റവും ധനികയായ ഗായിക, റിഹാനയെ പിന്തള്ളി ടെയ്‌ലർ സ്വിഫ്റ്റ്; നേട്ടമായത് യുഎസിൽ നിന്ന് തുടങ്ങിയ ‘ലോകപര്യടനം’

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയിൽ ഇതുവരെ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളി ആ സ്ഥാനം സ്വന്തമാക്കി ടെയ്‌ലർ സ്വിഫ്റ്റ്. ഫോബ്‌സ് മാസികയാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ടെയ്‌ലറിന് 1.6 ബില്യൻ ഡോളർ ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ ഔദ്യോഗിക കണക്ക് പറയുന്നത്. പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിഹാനയെ മറികടന്നാണ് ടെയ്‌ലർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷം കൊണ്ട് 500 മില്യൻ ഡോളറിന്റെ വർധനയാണത്രേ ടെയ്‌ലറിന് ഉണ്ടായിരിക്കുന്നത്. 2023 ഒക്ടോബർ മുതൽ ടെയ്‌ലറിന്റെ ആസ്തിയിൽ കുതിപ്പുണ്ടാകാൻ തുടങ്ങിയത്. The Eras Tour എന്ന പേരിലെ ലോകപര്യടനം ആരംഭിച്ച ശേഷമാണ് ഗായികയുടെ വരുമാനം ഇത്രയധികം വർധിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം മാർച്ച് 17 നാണ് ടെയ്‌ലർ പാട്ടുമായി യുഎസിൽ നിന്നും ലോകയാത്ര ആരംഭിച്ചത്. ഫോബ്‌സിന്റെ കണക്കുകൾ അനുസരിച്ചാണെങ്കിൽ ഇതിൽനിന്ന് മാത്രം ഏകദേശം 600 മില്യൻ ഡോളറിനടുത്ത് ടെയ്‌ലർ സ്വിഫ്റ്റ് സമ്പാദിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് തന്റെ സംഗീത ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിച്ചതിലൂടെ നേടിയ സമ്പത്ത്. 152 വേദികൾ പിന്നിട്ട് ഈ വർഷം ഡിസംബറിൽ കാനഡയിൽ വച്ചാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ The Eras Tour അവസാനിക്കുക. പാട്ട് കൊണ്ടു മാത്രം ഇത്രയധികം പണം സമ്പാദിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ടെയ്‌ലർ സ്വിഫ്റ്റ്.

ഈ പട്ടികയിൽ രണ്ടാമതുള്ള റിഹാനയുടെ നിലവിലെ ആസ്തി 1.4 ബില്യൻ ഡോളറാണ്. 1.7 ബില്യൻ ഡോളറിൽനിന്നാണ് റിഹാനയുടെ സ്വത്ത് 1.4 ബില്യൻ ഡോളറായി ചുരുങ്ങിയത്. ഈ വർഷം മാർച്ചിൽ അനന്ത് അംബാനി–രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാനായി ഇന്ത്യയിൽ എത്തിയ റിഹാന പ്രതിഫലമായി വാങ്ങിയത് 74 കോടി രൂപയായിരുന്നു.

More Stories from this section

family-dental
witywide