അഭിമാനം വാനോളം, കാത്തിരിപ്പ് അവസാനിച്ചു; ടീം ഇന്ത്യ ഡല്‍ഹിയിലെത്തി, കാത്തിരിക്കുന്നത് വന്‍ സ്വീകരണം

ന്യൂഡല്‍ഹി: ജൂണ്‍ 29 ന് ബാര്‍ബഡോസില്‍ നടന്ന ടി20 പുരുഷ ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ നാലു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം രാജ്യത്ത് മടങ്ങിയെത്തി.

മത്സരത്തിന് വേദിയായ ബാര്‍ബഡോസ്, ബെറില്‍ ചുഴലിക്കാറ്റ് ഭീഷണിയിലായതോടെയാണ് ഇന്ത്യന്‍ സംഘത്തിന്റെ മടക്കയാത്രയ്ക്ക് വെല്ലുവിളി ഉയര്‍ന്നത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ, ബിസിസിഐ ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബാര്‍ബഡോസില്‍ കുടുങ്ങിയ മുഴുവന്‍ ടീമിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരുമിച്ച് നാട്ടിലേക്ക് എത്താനായി. രാവിലെ ഡല്‍ഹിയിലെത്തിയ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ സ്വീകരണങ്ങളാണ്.

താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് മോദിയുമായി കൂടിക്കാഴ്ച ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുമൊന്നിച്ചുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം സ്വീകരണത്തിനും റോഡ് ഷോക്കുമായി മുംബൈയിലേക്ക് പോകും. ട്രോഫിയുമായി താരങ്ങള്‍ മുംബൈ നഗരത്തില്‍ റോഡ് ഷോ നടത്തും.

നരിമാന്‍ പോയിന്റ്, മറൈന്‍ഡ്രവ്, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസിലാണ് റോഡ് ഷോ. വൈകീട്ട് അഞ്ചുമുതലാണ് വിക്ടറി പരേഡ്. തുടര്‍ന്ന് വാംഖഡേ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള സ്വീകരണപരിപാടിയില്‍ വെച്ച് ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപ ബി.സി.സി.ഐ. കൈമാറും.

കളിക്കാരും പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും മറ്റ് അംഗങ്ങളും ബാര്‍ബഡോസില്‍ നിന്ന് യുഎസ്എയിലേക്കും പിന്നീട് യുഎഇ വഴി ഇന്ത്യയിലേക്കും എത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബെറില്‍ ചുഴലിക്കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം യാത്ര മുടങ്ങുകയായിരുന്നു. ഐസിസി ടി20 പുരുഷ ലോകകപ്പ് 2024 ഫൈനലില്‍ ഇന്ത്യ ഏഴ് റണ്‍സിന് എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം ചൂടുകയായിരുന്നു.

More Stories from this section

family-dental
witywide