ഒരൊറ്റ വികാരം, ഇന്ത്യ! രാജ്യത്തിന്റെ നീലപ്പടയെ കാണാൻ മുംബൈയിൽ ജനസാഗരം; നഗരത്തിൽ വിക്ടറി പരേഡ്

മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ നേരിൽ കാണാൻ മുംബൈയിൽ ജനസാഗരം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ സ്നേഹവായ്പുകളോടെയും ആഹ്ളാദാരവങ്ങോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്. രോഹിത്, വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ്, ജസ്പ്രീത് ബുംറ തുടങ്ങി താരങ്ങൾ ഓരോരുത്തരായി പുറത്തുവരുമ്പോഴും ആരാധകര്‍ കരഘോഷം മുഴക്കി.

മഴയെ വകവെക്കാതെയാണ് ഇന്ത്യയുടെ നീലപ്പടയെ കാണാൻ മുംബൈ മറൈൻ ഡ്രൈവിലേക്ക് ജനസാഗരം ഇരച്ചെത്തിയത്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസിലുള്ള വിക്ടറി പരേഡിന് ശേഷം വാംഖഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികള്‍ നടക്കും. വാംഖഡെ സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ ആരാധകര്‍ക്ക് അനുമതിയുണ്ട്.

അതിനിടെ, ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോഹ്ലിയുടെ ജഴ്‌സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും പ്രതിനിധാനം ചെയ്യുന്നു ഇത്.

More Stories from this section

family-dental
witywide