ന്യൂഡൽഹി: കർഷക സമരമായ ‘ഡൽഹി ചലോ’ മാർച്ചിനു നേരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്. മാർച്ചിന് തയ്യാറെടുക്കുന്ന കർഷകർക്കു നേരെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ വച്ചാണ് പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചത്.
അതേസമയം 2020/21 ലെ അക്രമാസക്തമായ പ്രതിഷേധങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അഞ്ചാം വട്ട ചർച്ചകൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സർക്കാർ വിശദമാക്കി. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട പറഞ്ഞു.
സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്കാണെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. ഡൽഹി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാന പരമായി മാർച്ച് നടത്തുമെന്നും അറിയിച്ചു.