ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് തടയാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു, മുന്നോട്ട് തന്നെയെന്ന് കര്‍ഷകരും

ന്യൂഡല്‍ഹി: ഇരുന്നൂറോളം കര്‍ഷക സംഘടന ഡല്‍ഹിയിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചിനു നേരെ കണ്ണീര്‍ വാതക പ്രയോഗം. ചൊവ്വാഴ്ച ‘ഡല്‍ഹി ചലോ’ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചതിന് ശേഷം പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോഴാണ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്

കര്‍ഷകരുടെ താത്ര തടസ്‌പ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളാണ് വഴിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി വൈകിയും കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള നിര്‍ണായക യോഗം കര്‍ഷകര്‍ക്ക് അനുകൂല തീരുമാനം എടുക്കാത്തതിനാലാണ് മാര്‍ച്ചുമായി മുന്നോട്ട് പോകുന്നതെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.

പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റിയ കര്‍ഷകര്‍, ഇവ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞു. ഇതോടെ, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. ചിതറിയോടിയ കര്‍ഷകര്‍, വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡുകള്‍ എടുത്തു മാറ്റാനുള്ള ശ്രമം തുടരുകയാണ്. കണ്ണീര്‍ വാതകം പ്രയോഗിക്കാനായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് ഇവിടേക്ക് ആദ്യം എത്തിയത്. ഹരിയാന ഭാഗത്തുനിന്നുള്ള കര്‍ഷകരും ഇവിടേക്ക് എത്തുന്നുണ്ട്. ആറു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. അനിശ്ചിതകാലത്തേക്ക് സമരം നീണ്ടുപോകുമെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്.

More Stories from this section

family-dental
witywide