കമലയുടെ കമ്മൽ വിവാദം അവസാനിക്കുന്നില്ല; ഞെട്ടിക്കുന്ന സാമ്യം, വേണമെങ്കിൽ ട്രംപിനും നിർമിച്ചു തരാമെന്ന് കമ്പനിയുടെ പരിഹാസം

വാഷിങ്ടൺ: ചൊവ്വാഴ്ച ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്‍ററിൽ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസും മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും നടത്തിയ സംവാദം ലോക ശ്രദ്ധ പിടിച്ച്പറ്റിയിരിക്കുകയാണ്. സാമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് സംവാദത്തിന് എത്തിയപ്പോൾ കമല ഹാരിസ് ധരിച്ച കമ്മലുകളാണ്.

ട്രംപ് അനുകൂലികൾ പറയുന്നത് കമലാ ഹാരിസ് കമ്മലുകളുടെ മറവിൽ, സംവാദത്തിലുടനീളം ക്ലിപ്പ്-ഓൺ ഓഡിയോ ഹെഡ്‌ഫോണുകളാണ് ധരിച്ചിരുന്നത് എന്നാണ്. കമ്മലുകൾ യഥാർത്ഥത്തിൽ ഐസ്ബാക്ക് സൗണ്ട് സൊല്യൂഷൻസിൻ്റെ നോവ എച്ച് 1 ഓഡിയോ കമ്മലുകൾ ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബ്ലൂടൂത്ത് ഉപകരണമാണ് ആഭരണങ്ങൾ പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് ആരോപണം. ഇപ്പോൾ ഇതിൽ പ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുന്നു.

നോവയുടെ ഐസ്ബാക്ക് സൗണ്ടിന്‍റെ മാനേജിങ് ഡയറക്ടർ മാൾട്ടെ ഐവേർസെൻ ഇത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്ത്ട്ടില്ല. കമല ഹാരിസ് ഞങ്ങളുടെ ഉത്പന്നം ധരിച്ചട്ടുണ്ടോയെന്ന് അറിയില്ല, പക്ഷേ സാമ്യം ഉണ്ട് -എന്നായിരുന്നു ജസ്റ്റ് ന്യൂസിനോട് കമ്പനിയുടെ പ്രതികരണം. ട്രംപിനായി ഉപകരണത്തിന്‍റെ പുരുഷ പതിപ്പ് സൃഷ്ടിച്ച് നൽകാമെന്നും പരിഹാസത്തോടെ പറയുകയും ചെയ്തിട്ടുണ്ട്.

2020ലെയും 2016ലെയും തെരഞ്ഞെടുപ്പു സമയങ്ങളിലും ഇത്തരം വിവാദങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് ജോ ബൈഡനും ഹിലരി ക്ലിന്‍റണും ട്രംപിനെതിരായ സംവാദങ്ങളിൽ ഇയർപീസ് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.