ജനിതക മാറ്റം വരുത്തി പ്രായം കുറക്കാനുള്ള ചികിത്സക്ക് വിധേയനായി അമേരിക്കയിലെ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ. 20,000 ഡോളർ മുടക്കി ഹോണ്ടുറാസിലെ ഒരു ദ്വീപിൽ വെച്ചാണ് ബ്രയാൻ ജോൺസൺ ജീൻ തെറാപ്പിക്ക് വിധേയനായത്. എന്നും ചെറുപ്പം നിലനിർത്താനാണ് താൻ ഈ ചികിത്സ നടത്തിയതെന്ന് ബ്രയാൻ ജോൺസൺ കഴിഞ്ഞ ദിവസം പുറത്തുവിട്ട യുട്യൂബ് വീഡിയോയിൽ പറഞ്ഞു.
ഒരു രഹസ്യ ദ്വീപിൽ വെച്ച് നടത്തിയ ചികിത്സയിലൂടെ തന്റെ ഡിഎൻഎയിൽ മാറ്റം വരുത്തിയെന്ന ടൈറ്റിലോടെ യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബ്രയാൻ ജോൺസൺന്റെ അവകാശവാദം. വലിയ രീതിയിൽ വയസ് കുറക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും ഇതിനായാണ് ഡിഎൻഎയിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ ചികിത്സയിലൂടെ അഞ്ച് വയസ് വരെ പ്രായം കുറക്കാൻ സാധിക്കുമെന്നും ബ്രയാൻ അവകാശപ്പെടുന്നു. യുവാവായി ഇരിക്കാൻ പ്രതിവർഷം താൻ 2 മില്യൺ ഡോളർ മുടക്കുന്നുണ്ടെന്നും ജോൺസൺ പറഞ്ഞു. അതേസമയം, യുഎസ് റെഗുലേറ്ററായ എഫ്ഡിഎയുടെ അംഗീകാരം ഇതുവരെ ഇത്തരം ചികിത്സക്ക് ലഭിച്ചിട്ടില്ല.
അർബുദം, ജനിതക വൈകല്യങ്ങൾ, അണുബാധ എന്നിവക്കെല്ലാം ഉപയോഗിക്കുന്ന ചികിത്സ രീതിയായ ജീൻ തെറാപ്പിക്കാണ് ജോൺസൺ വിധേയനായിരിക്കുന്നത്. തകരാറുള്ള ജീനുകൾ മാറ്റി പകരം പുതിയത് വെക്കുക, അസുഖമുള്ള ജീനിനെ നിർജീവമാക്കുക, പുതുതായി ജീൻ കൂട്ടിച്ചേർത്ത് രോഗത്തിനെതിരെ പ്രതിരോധമൊരുക്കുക എന്നതെല്ലാം ഈ ചികിത്സരീതിയുടെ ഭാഗമാണ്. ഇത് ഉപയോഗിച്ച് ജീനുകളിൽ മാറ്റം വരുത്തി പ്രായം കുറക്കാനാവുമെന്നാണ് ജോൺസന്റെ അവകാശവാദം.