ടെസ്‍ലക്കും ഇലോൺ മസ്ക്കിനും ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എന്ത് കാര്യം? ഉത്തരം പറയും തെലങ്കാനയിലെ ഈ പോർവിളി!

ലോക കോടീശ്വരന്മാരിൽ ഒരാളും ടെസ്‍ലയുടെയും എക്സിന്‍റെയുമൊക്കെ മുതലാളിയുമായ എലോൺ മസ്ക്കിന് ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ എന്ത് കാര്യം. അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അവർക്ക് തെലങ്കാനയിലെ വാശിയേറിയ പോർവിളി ഉത്തരം നൽകും. ലോക് സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി തെലങ്കാന പോളിംഗ് ബൂത്തിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തെലങ്കാനയിലെ വലിയ പോർവിളി തന്നെ മസ്ക്കിനെയും നിക്ഷേപത്തെയും ചൊല്ലിയാണെന്നതാണ് യാഥാർത്ഥ്യം. തെലങ്കാനയിൽ ടെസ്‍ല അടക്കമുള്ള അന്താരാഷ്ട്ര കമ്പനികൾ നടത്താനിരുന്ന വമ്പൻ നിക്ഷേപം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും തട്ടിക്കളഞ്ഞെന്ന ആരോപണവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് ആദ്യ വെടി പൊട്ടിച്ചത്.

തെലങ്കാനയിൽ ലഭിക്കേണ്ട മസ്ക്കിന്‍റെയടക്കം നിക്ഷേപം മോദിയും ബി ജെ പിയും ചേർന്ന് ഗുജറാത്തിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇലോൺ മസ്ക് ചൈനയിലേക്ക് പോയതിന്‍റെ കാരണം പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രേവന്ത് റെഡ്ഢി അഭിപ്രായപ്പെട്ടു. തിരിച്ചടിച്ച് ബി ജെ പി നേതാക്കളും രംഗത്തെത്തിയതോടെ പോർ വിളിയുടെ ആക്കവും കൂടി. കോൺഗ്രസിന്‍റെ അഴിമതി ഭയന്ന് മസ്ക്കും ടെസ്‍ലയും പിൻമാറിയതാണെന്നാണ് അമിത് ഷാ അടക്കമുള്ളവർ മറുപടി പറഞ്ഞത്.

അതിനിടയിൽ മോദി ഇതിന് മുമ്പും ഇത്തരം നീക്കം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിനെ ഉദാഹരിച്ചായിരുന്നു കെ സി ആറിന്‍റെ പരാമർശനം. ഫേസ്ബുക്കിന്‍റെ നിക്ഷേപം ഹൈദരാബാദിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റാൻ ശ്രമം നടന്നെന്നും അതിനെ ചെറുത്ത് തോൽപിച്ചാണ് തന്‍റെ സർക്കാർ ഫേസ്ബുക്ക് നിക്ഷേപം ഹൈദരാബാദിലെത്തിച്ചതെന്നും അദ്ദേഹം വിവരിച്ചു. എന്തായാലും നാളെ തെലങ്കാന ജനത വിധി കുറിക്കുമ്പോൾ മസ്ക്കിന്‍റെ ടെസ്‍ലയുടെ നിക്ഷേപ വിവാദവും മനസിലുണ്ടാകുമെന്ന് ഉറപ്പാണ്.

More Stories from this section

family-dental
witywide