ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ കുറഞ്ഞത് 550 തീര്‍ഥാടകരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ഹജ്ജ് തീര്‍ത്ഥാടനം നടക്കുന്ന മക്കയില്‍ ഈ വര്‍ഷം കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.
മക്കയില്‍ താപനില 50 ഡിഗ്രി കടന്നിരിക്കുകയാണ്. തിങ്കളാഴ്ച മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ 51.8 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താപനില എത്തിയതെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മരിച്ചവരില്‍ 323 പേരോളം ഈജിപ്തുകാരാണെന്നും അവരില്‍ ഭൂരിഭാഗവും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് കീഴടങ്ങിയാണ് മരണപ്പെട്ടതെന്നും രണ്ട് അറബ് നയതന്ത്രജ്ഞര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മക്കയിലെ അല്‍-മുയിസെം പരിസരത്തുള്ള ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മരിച്ചവരുടെ കണക്കുകള്‍ ലഭ്യമായതെന്നും ഈജിപ്ത് വ്യക്തമാക്കുന്നു. മക്കയിലെ ഏറ്റവും വലിയ മോര്‍ച്ചറികളിലൊന്നായ അല്‍-മുയിസെമിലെ മോര്‍ച്ചറിയില്‍ ആകെ 550 പേര്‍ ഉണ്ടെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു. മക്കയില്‍ തീര്‍ത്ഥാടനത്തിയ 60 ജോര്‍ദാന്‍കാര്‍ മരിച്ചതായും നയതന്ത്രജ്ഞര്‍ പറഞ്ഞു. എഎഫ്പി കണക്കനുസരിച്ച് ഒന്നിലധികം രാജ്യങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 577 ആയി ഉയര്‍ന്നുവെന്നും വ്യക്തമാക്കുന്നു. അതേസമയം, ഹജ്ജിനിടെ കാണാതായ ഈജിപ്തുകാര്‍ക്കായുള്ള തിരച്ചില്‍ സംബന്ധിച്ച് സൗദി അധികൃതരുമായി സഹകരിക്കുന്നതായി ചൊവ്വാഴ്ച ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തീര്‍ത്ഥാടനത്തെ കാലാവസ്ഥാ വ്യതിയാനം കൂടുതലായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച സൗദി പഠനമനുസരിച്ച്, ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന പ്രദേശത്തെ താപനില ഓരോ ദശാബ്ദത്തിലും 0.4 ഡിഗ്രി സെല്‍ഷ്യസ് ഉയരുന്നു.