ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ പുതിയ സംഘര്‍ഷങ്ങള്‍ യുദ്ധ ഭീതിയിലേക്ക് മിഴി തുറക്കവെ, ആശങ്ക പങ്കുവെച്ച് ഇന്ത്യ. എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്യുകയും സംഘര്‍ഷം വിശാലമായ പ്രാദേശിക മാനം കൈക്കൊള്ളരുതെന്നും ഇന്ത്യ പ്രതികരിച്ചു. മാത്രമല്ല, പശ്ചിമേഷ്യയിലെ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ സ്ഥിതിഗതികളില്‍ അതീവ ഉത്കണ്ഠയുണ്ടെന്നും എല്ലാ പ്രശ്‌നങ്ങളും ‘സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും’ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയെയും മറ്റ് കമാന്‍ഡര്‍മാരെയും ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിലേക്ക് 200 ഓളം മിസൈലുകള്‍ തൊടുത്തുവിട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ അഭിപ്രായം എത്തിയത്.
”പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഞങ്ങള്‍ അഗാധമായ ഉത്കണ്ഠാകുലരാണ്, ബന്ധപ്പെട്ട എല്ലാവരോടും സംയമനം പാലിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ ആഹ്വാനം ആവര്‍ത്തിക്കുന്നു,” വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിങ്ങനെ.