320,000 ഏക്കര്‍ വിഴുങ്ങി ടെക്‌സാസിലെ കാട്ടുതീ ; ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു

ടെക്‌സാസ്: ടെക്സാസിന്റെ വടക്കന്‍ മേഖലകളില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ ഇതുവരെ 320,000 ഏക്കര്‍ സ്ഥലം കത്തി നശിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ മൂന്ന് സജീവ കാട്ടുതീ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

നിരവധി ആളുകള്‍ സുരക്ഷിത സ്ഥാനം തേടി പോയിട്ടുണ്ട്. അപകടാവസ്ഥ തുടരുന്നതിനാല്‍ ബാധിക്കപ്പെട്ട സ്ഥലങ്ങളുടെ സമീപ പ്രദേശത്തുള്ളവരോടും വീടുകള്‍ ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11 ദശലക്ഷം ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഭീഷണിയിലുള്ള ചില ആശുപത്രികളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് അധികൃതര്‍ സുരക്ഷിതമായ മറ്റൊരിടം ഒരുക്കിയിട്ടുണ്ട്. കൂടാതെ, വീട് നഷ്ടപ്പെട്ടവരുള്‍പ്പെടെ 200-ലധികം ആളുകള്‍ ഫ്രിച്ചിലെ ഒരു പള്ളിയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.

തങ്ങളുടെ കന്നുകാലികളെ ഉള്‍പ്പെടെ ഉപേക്ഷിച്ച് പലര്‍ക്കും പോകേണ്ടി വന്നിട്ടുണ്ട്. ഇവയില്‍ എത്രണ്ണം ജീവിച്ചിരിപ്പുണ്ടെന്ന് ഉടമസ്ഥര്‍ക്ക് ഇനിയും അറിയില്ല. 80000 ഏക്കറിനും പുറത്തേക്ക് പുക വ്യാപിച്ചിട്ടുണ്ട്. കാട്ടുതീ ഒക്ലഹോമയിലേക്കും നീങ്ങിയിട്ടുണ്ട്.