‘ഞാൻ ഇന്ത്യക്കാരെ വെറുക്കുന്നു’; യുഎസിൽ വംശീയ ആക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പ്ലാനോ (ടെക്‌സസ്): പ്രകോപനമില്ലാതെ നാല് ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ വംശീയ ആക്രമണം നടത്തിയ കേസിൽ എസ്മെറാൾഡ അപ്‌ടൺ കുറ്റം സമ്മതിച്ചു. പ്രതിയെ കോളിൻ കൗണ്ടി ജയിലിൽ 40 ദിവസത്തെ തടവിന് കോടതി ശിക്ഷിച്ചു. പ്രതിക്കെതിരെ സ്‌മാർട്ട്‌ഫോണിൽ റെക്കോർഡ് ചെയ്‌ത വിഡിയോ തെളിവായി ഉണ്ടായിരുന്നു.

2022 ഓഗസ്റ്റ് 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിക്‌സ്റ്റി വൈൻസ് റസ്റ്ററന്‍റിന് സമീപത്തുള്ള പാർക്കിങ് ലോട്ടിലൂടെ ഇന്ത്യൻ അമേരിക്കരായ നാല് സുഹൃത്തുക്കൾ നടന്ന് പോകുന്നതിനിടെ പ്രതി “ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു” എന്ന് അലറുകയും തുടർന്ന് ഇവരെ ആക്രമിക്കുമെന്നും വെടിവയ്ക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുസംഭവങ്ങളിലും താൻ തെറ്റ് ചെയ്തതായി അപ്‌ടൺ കോടതിയിൽ സമ്മതിച്ചു.

വഴക്കിനിടെ അപ്ടൺ ‘ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ’ എന്ന് സ്ത്രീകളോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.

“അമേരിക്കക്കാർ എന്ന നിലയിൽ, നമുക്കെല്ലാവർക്കും നമ്മുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾ ആസ്വദിക്കാൻ കഴിയണം. ഇത്തരത്തിലുള്ള വംശീയ ആക്രമണത്തിൽ നിന്ന് സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാൻ കഴിയണം” കോളിൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഗ്രെഗ് വില്ലിസ് പറഞ്ഞു.