കണ്ണൂർ: പ്രണയക്കെണിയുടെ പേരിൽ ഇവിടെ ആരും വര്‍ഗീയതയുടെ വിഷം ചീറ്റാൻ നോക്കേണ്ടെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് ചിലരൊക്കെ ഇവിടെ വര്‍ഗീയത പരത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ആ വിഷം ഇവിടെ ചിലവാകില്ലെന്ന് അത്തരക്കാർ ഓർക്കുന്നതാണ് നല്ലത്. പ്രണയക്കെണിയുണ്ടെന്ന് പറഞ്ഞ് ക്രൈസതവ യുവതികളെ രക്ഷിക്കാനായി ആരും സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ നിൽക്കേണ്ടതില്ലെന്നും തലശേരി ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.
കണ്ണൂരില്‍ കെ സി വൈ എം യുവജന സംഗമത്തിലായിരുന്നു സ്വയം പ്രഖ്യാപിത സംരക്ഷകരുടെ ആവശ്യം ക്രൈസതവ യുവതികൾക്ക് വേണ്ടെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്. ആത്മാഭിമാനമുള്ളവരാണ് ഇവിടെയുള്ളവർ. പെൺകുട്ടികളുടെ കാര്യത്തിലും അത് അങ്ങനെതന്നെ. അവർക്ക് സ്വയം പ്രഖ്യാപിത സംരക്ഷകരുടെ ആവശ്യമില്ല. തങ്ങളെ സ്വയം സംരക്ഷിക്കാൻ ഇവിടുത്തെ പെൺകുട്ടികൾക്ക് അറിയാം. തലശേരിയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകില്ലെന്നും അദ്ദേഹം വിവരിച്ചു.
നമ്മുടെ പെണ്‍മക്കളുടെയൊക്കെ പേരുപറഞ്ഞ് വര്‍ഗീയ ശക്തികള്‍ ഇവിടെ വിഷം വിതയ്ക്കാന്‍ ശ്രമിക്കുകയാണ്. അത്തരം പരിശ്രമങ്ങളൊന്നും ഇവിടെ ചിലവാകില്ല. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാം. സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിനു വില പറയാൻ ഒരാളെ പോലും അനുവദിക്കില്ലെന്നും തലശേരി ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു. കേരള സ്റ്റോറി പ്രദര്‍ശന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗമെന്നത് ശ്രദ്ധേയമാണ്.