വയനാടിന് സഹായഹസ്തവുമായി തരൂര്‍; ‘ മെമ്മറബിള്‍ ഡേ’യില്‍ പിടിച്ച് വിമര്‍ശനവുമായി ബിജെപി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടില്‍ സഹായഹസ്തവുമായി നിരവധി പേരാണ് എത്തുന്നത്. തിരുവനന്തപുരം എം.പി ശശി തരൂരും ഇന്നലെ വയനാട്ടിലെ ക്യാമ്പിലേക്ക് മെത്തകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായി എത്തിയിരുന്നു. ഇവയെല്ലാം ക്യാമ്പിലേക്ക് എത്തിക്കുന്നതിന്റെയും വാഹനത്തില്‍ നിന്നും ഇറക്കാന്‍ ഉള്‍പ്പെടെ ആളുകളെ സഹായിക്കുന്നതിന്റെയും വീഡിയോ അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദര്‍ശനവും ആളുകളോട് വിവരങ്ങള്‍ ആരായുന്നതിന്റെയും ദൃശ്യങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ വീഡിയോയ്‌ക്കൊപ്പം നല്‍കിയിരുന്ന വാക്കുകളില്‍പ്പിടിച്ച് ബിജെപി വിമര്‍ശനവുമായി എത്തുകയായിരുന്നു. മെമ്മറബിള്‍ ഡേ അഥവാ ‘അവിസ്മരണീയമായ’ ദിനമെന്നതായിരുന്നു ബിജെപിയെ ചൊടിപ്പിച്ചത്.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിക്കുകയും ‘ശശി തരൂരിന് മരണങ്ങളും ദുരന്തങ്ങളും അവിസ്മരണീയമാണ്’ എന്നും പോസ്റ്റിനോട് പ്രതികരിച്ചു.

എന്നാല്‍ ശശി തരൂര്‍ തന്നെ അതിന് വിശദീകരണവുമായി എത്തുകയായിരുന്നു. ‘അവിസ്മരണീയം’ എന്ന പ്രയോഗത്തെ ന്യായീകരിച്ച തരൂര്‍ അതിന്റെ അര്‍ത്ഥവും വിശദീകരിച്ചു. ഓര്‍ത്തിരിക്കേണ്ടത് അല്ലെങ്കില്‍ ഓര്‍ക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ദിനമാണിത്. കാരണം അത് തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകതകളുള്ളതും മറക്കാന്‍ കഴിയാത്തതുമാണ്. അത് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരണം നല്‍കി.